തിരുവനന്തപുരം ജില്ലാ യുവജനസഭയുടെ “പത്മനാഭം ശ്രമസംഘം”

യോഗക്ഷേമസഭാംഗങ്ങൾക്ക് സഹായമായി തിരുഃ ജില്ലാ സഭയിലെ യുവജനങ്ങൾ മുന്നിട്ടിറങ്ങുക എന്ന ദൗത്യവുമായി “പത്മനാഭം” എന്ന പേരിൽ അന്നത്തെ തിരുവനന്തപുരം യുവജനസഭ സെക്രട്ടറി ശ്രീ. ഉമേഷ് കൃഷ്ണയുടെ നേതൃത്വത്തിൽ ഒരു ശ്രമസംഘം രൂപീകരിക്കുവാൻ 2017 ഒക്ടോബർ മാസം (07/10/2017) കാലടി മരങ്ങാട്ടില്ലത്ത് വച്ചു കൂടിയ ജില്ലാ യുവജനസഭ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമെടുത്തു. സഭാംഗങ്ങളുടെ പലതരം ക്രിയകൾ, വിളമ്പൽ എന്നിവ യുവജനങ്ങളാൽ മിതമായ നിരക്കിൽ നല്ല രീതിയിൽ ചെയ്തു കൊടുക്കപ്പെടുന്നതിനോടൊപ്പം യുവജനങ്ങൾക്ക് ഒരു ചെറിയ സാമ്പത്തിക വരുമാനംകൂടി നേടിക്കൊടുക്കുവാൻ ആണ് ഇങ്ങനെ ഒരു സംരംഭം. ഇതോടൊപ്പം നമ്മുടെ ചടങ്ങുകളെക്കുറിച്ചും ക്രിയകളെക്കുറിച്ചും രീതികളെക്കുറിച്ചും വളർന്നു വരുന്ന യുവതലമുറയ്ക്ക് ഒരു അവബോധമുണ്ടാക്കുക എന്ന ദൗത്യവും സാധ്യമാകുന്നു. രൂപീകരിക്കപ്പെട്ടപ്പോൾ ഇത്ര ദൗത്യങ്ങൾ മാത്രമാണ് ശ്രമസംഘത്തിനു ഉണ്ടായിരുന്നത് എങ്കിലും, മുന്നോട്ടുള്ള യാത്രയിൽ യുവജനസഭ എക്സിക്യൂട്ടീവ്/കൗൺസിൽ അംഗങ്ങളുടെ നിർദ്ദേശപ്രകാരം ശ്രമസംഘം ഏറ്റെടുക്കുന്ന ചടങ്ങുകളിൽ കഴിയുന്നിടത്തൊക്കെ ഒരു ക്രിയസ്ഥാനത്തിന്റെ തുക ജില്ലാ യുവജനസഭയുടെ ഫണ്ടിലേക്കായി മാറ്റി വെക്കുക എന്ന പുതിയൊരു ഉദ്ദേശവും രൂപപ്പെട്ടു. യുവജനസഭയ്ക്ക് ഇത് വളരെ നല്ല ഒരു വരുമാനമാർഗ്ഗമായി ഇപ്പോൾ തുടരുന്നു. ഇതു കൂടാതെ ക്ഷേത്രങ്ങളിലേക്ക് പകരം,പൂജകൾക്ക് പരികർമ്മം എന്നിവയും ശ്രമസംഘം വഴി സഭാംഗങ്ങളെ സഹായിച്ചു വരുന്നു. ചടങ്ങുകൾക്ക് അവിശ്യമായി വരുന്ന ആളുകളുടെ എണ്ണം അനുസരിച്ചു അതാത് തീയതികളിൽ അസൗകര്യമില്ലാത്ത യുവജനങ്ങളെ ഏകോപിപ്പിച്ച് ക്രിയയ്ക്കും വിളംബലിനുമായി എത്തിക്കുക എന്ന ദൗത്യം നല്ല രീതിയിൽ നടന്നു വരുന്നു. പത്മനാഭം ശ്രമസംഘം നാളിതുവരെ അൻപതിൽ അധികം ചടങ്ങുകളിൽ ക്രിയയും വിളംബലും ഏറ്റെടുത്തു നല്ല രീതിയിൽ ചെയ്തു കൊടുത്തു കഴിഞ്ഞു, ഇപ്പോഴും വളരെ നല്ല രീതിയിൽ പത്മനാഭം ശ്രമസംഘം സജീവമായി പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കും

ഉമേഷ് കൃഷ്ണ
പ്രസിഡന്റ്
ജില്ലാ യുവജനസഭ, തിരുവനന്തപുരം
+91 99952 03514